Friday, June 11, 2021

അയിഷ ❤️



കാലങ്ങൾക്കിപ്പുറം
കളിക്കൂട്ട്കാരില്ലാതെ
കിഴക്കേത്തൊടിയിലെ
അയിനിപ്ലാവിൻ്റെ ചോട്ടിൽ
ഞൊറിയിട്ട പാവാടത്തട്ടിൽ 
അയിനിക്കുരു പെറുക്കിയിട്ട് 
അവള് നിന്നെയുമെന്നെയും
കൈമാടിവിളിക്കുയാണ്

ചെവിയടച്ച പഞ്ഞിയിൽ
ഇടക്കിടെ കൈതൊട്ടുറപ്പിച്ച്
ഇലഞ്ഞിപ്പൂപെറുക്കുന്ന ഒരു പാവാടക്കാരിയെ
നീയോർക്കുന്നില്ലെ,
കുഞ്ഞിപ്പെരയിലെ
കുഞ്ഞിക്കലത്തിൽ
അവളുവെച്ച 
കറികൾക്കെന്നും 
എരിവ് കൂടുതലാണെന്ന് 
നീ പതം പറഞ്ഞതും?

സൗകര്യങ്ങളുടെ തണുപ്പിലേക്ക് 
ചേക്കേറിയപ്പോൾ
ദ്രാവിഡ മണ്ണിൻ്റെ 
ഊഷരതയിലേക്ക്
അവളെ പറിച്ചുനട്ട്
പലനിറങ്ങളിൽ പാണ്ടിക്കുടങ്ങൾ
തൂക്കിയ വണ്ടിയിലൊരിക്കൽ  ചുരമിറങ്ങിയവരാണ് നമ്മൾ! 

നീറുന്ന ജീവിതത്തിൻ്റെ 
പൊട്ടിയടർന്ന വിറകടുപ്പിൽ 
പിന്നീട് അവളുണ്ടാക്കിയ 
കറികൾക്കെന്നും എരിവായിരുന്നു
അതുപറയാൻ അവള്
വിളിക്കുമ്പോഴെല്ലാം 
നമ്മൾ തിരക്കിലായിരുന്നു.
ഇന്നലെ രാത്രിയിൽ
തണുത്തുറഞ്ഞൊരു 
വോയ്സ് മെസ്സേജ് 
അവളുടെമരണവുംപേറി അരികിലെത്തുംവരെയും.

ഈ മഹമാരിയുടെ
കെടുകാലത്തിനപ്പുറം 
അവളുടെ കബറിടത്തിൽ 
ഒരു മൈലാഞ്ചച്ചെടി നടാൻ
നമുക്കൊന്നിച്ച് പോകണം 
അവളുടെ നാട്ടിലേക്ക്.

ഇനിയൊരിക്കൽകൂടി 
ആ ചുരമിറങ്ങണം
ഐശിത്തായൂടെ ഓർമ്മയിലേക്ക്..

ഷിഹാബ് ഇബ്രാഹിം