Wednesday, August 31, 2011


ഒബാമ
കറുത്ത പക്ഷത്തില്‍
കറുത്ത ഭൂഖണ്ടത്തില്‍
കറുത്തവനായി പിറന്നത്‌
ജീവ രക്തമേകിയ പിതാവിന്റെ
ജനിതക വൈകല്യമായിരുന്നില്ല
ഒമ്പത് മാസം ഞാനുറങ്ങിയ
അമ്മയുടെ മുന്നീര്‍ കുടത്തില്‍
ദൈവം നഞ്ചു കലക്കിയതുമല്ല
ജീവ സന്ധാരണത്തിന്റെ
ഋജു രേഖയില്‍ തെളിഞ്ഞ
കാടത്തത്തില്‍ നിന്ന്,
സൂര്യനസ്തമിക്കാത്ത
ധവള സാമ്രാജ്യത്തിന്റെ
അടിമ ചങ്ങലയില്‍ നിന്ന്‌
കടലേഴും കടന്നു ഞാന്‍ വളര്‍ന്നത്‌
ലോകത്തിന്റെ നെറുകയില്‍
എന്‍റെ സംസ്കാരത്തിന്റെ
ചെങ്കോലുയര്‍ത്താനായിരുന്നു !
വെടിയൊച്ചകള്‍ നിലക്കുമെന്നും
ഉഴുതുമറിച്ച പടനിലങ്ങളില്‍
ഉരുളക്കിഴങ്ങ്‌ മുളക്കുമെന്നും
സ്വപ്നം കാണുന്ന മൂഡന്മാരെ
തിരിച്ചറിയുക, ഇനിയെങ്കിലും.....
ഗാന്ധിയോ, ലിങ്കണോ
മണ്ടെലയോ പോലെ
അടിച്ചമര്‍ത്തപ്പെട്ടവന്റെ
കണ്ണീരൊപ്പാന്‍ വന്ന
പ്രവാചകനല്ല ഞാന്‍ !

Friday, August 12, 2011


കൂട്ടിക്കൊടുപ്പിന്റെ തത്വശാസ്ത്രം

പൊന്നാടയില്‍ പൊതിഞ്ഞ
അംഗീകാരങ്ങള്‍ക്ക്
തിരസ്കരിക്കപ്പെട്ടവന്റെ
ചോരയുടെ മണമായിരുന്നു

നേര്‍വഴികളിലെ
കെട്ടുപിണഞ്ഞ
കുരുക്കുകളില്‍
പിടഞ്ഞ് മരിച്ച
സ്വപ്നങ്ങളുടെ നിറമായിരുന്നു

കൊഴുത്ത തുടകളിൽ
കാമം കുത്തിയൊഴുക്കി
നിർവൃതിയടഞ്ഞവർ
വിയർപ്പിന്റെ വിലയിട്ടത്
പച്ചമാംസം തൂക്കുന്ന
തുരുമ്പിച്ച തുലാസിലായിരുന്നു

ചോരയൊഴിക്കിയവന്റെ
പൊട്ടിയടർന്ന ഹൃദയത്തിലേക്ക്
ഒരു പിടി നഞ്ച് കലക്കിയിട്ട്‌
പോന്നാടകൾ സ്വീകരിക്കുവാൻ
അവർ യാത്രയാകുമ്പോൾ

ഒറ്റിക്കൊടുക്കപെട്ടവനെ
ക്രൂശിച്ചു രസിക്കാന്‍
മുളയാണി കൂര്‍പ്പിക്കുന്നവര്‍
ആത്മാവ് വിറ്റു കിട്ടിയ വെള്ളിക്കാശിനു
തര്‍ക്കിച്ചു കൊണ്ടേയിരുന്നു..!



Sunday, August 7, 2011



സൗഹൃദം

പെരുമഴക്കാലത്ത്
കുതിരാന്‍ മലയുടെ ചോട്ടില്‍
നനഞ്ഞ മണ്ണില്‍
ഒരു കുപ്പിക്കഴുത്തിലെ
സ്നേഹ ചുംബനങ്ങളില്‍
നുരഞ്ഞോഴുകിയ
ഒരു കവിള്‍ ബിയറിന്റെ
സൗഹൃദം

അക്വേഷ്യ മരങ്ങള്‍ക്കിടയില്‍
കരിയില കരഞ്ഞ ത്രിസന്ധ്യയില്‍
അധരങ്ങളില്‍
ആദ്യ ചുബനത്തിന്റെ
മധു പകര്‍ന്നേകി
ഓടിയൊളിച്ച
പാവാടക്കാരിയുടെ
സൗഹൃദം

ഉത്സവപ്പറമ്പിലെ
ആള്‍ക്കൂട്ടത്തില്‍
വിശ്വാസ പ്രമാണങ്ങള്‍
കൊമ്പ് കോര്‍ത്തപ്പോള്‍
ചക്രവ്യുഹതിലകപ്പെട്ട
അഭിമന്യുവെപ്പോല്‍
നിരായുധനായി നില്‍ക്കവേ
ഓടിയെത്തി തോളോട് തോള്‍ ചേര്‍ന്ന്
ചോരചിന്തിയ ചങ്ങാതിയുടെ
സൗഹൃദം

ജിബൂഷ്യന്‍ മരുഭൂമിയില്‍
ആഫ്രിക്കന്‍ തീക്കാറ്റ്
മരണം വിതക്കുമ്പോള്‍
ഒരു കയ്യില്‍ മരണവും
ഒരു കയ്യില്‍ പ്രണയവുമായി
മനസ്സില്‍ കുടിയേറിയ
ദ്രാവിഡ സുന്ദരിയുടെ
സൗഹൃദം

സൗഹൃദം സൗഹൃദങ്ങളില്‍
പൊട്ടി വളരുന്ന
ഭൂലോക വലയില്‍
ഇന്നലെ
രാത്രിയില്‍
മാറിലെ മറുക് കാണിച്ചു
ഇത് നിനക്കിഷ്ടമായോ
എന്നുറക്കെ ചിരിച്ച
ഇജീപ്ഷ്യന്‍ സുന്ദരിയുടെ
സൗഹൃദം

സൗഹൃദം വളരുകയാണ്
ചക്രവാളങ്ങളോളം,
വന്‍കരകളില്‍ നിന്ന്
വന്‍കരകളിലേക്ക്,
ഇടമുറിയാതെ
നിലക്കാതെ,
ഒഴുകുകയാണ്
ഒരു നദി പോലെ