Tuesday, August 22, 2023

ഇലക്ട്ര




വഴിവക്കിലെ 
മുനിഞ്ഞു കത്തുന്ന
വിളക്ക് കാലുകളോടും
സമാന്തരമായി അനന്തതയിലേക്ക് 
സഞ്ചരിക്കുന്ന വൈദ്യുത വാഹിനികളോടുമാണ് 
ഇന്നെൻ്റെ പ്രണയം

ഒട്ടേറെ ജലാവാഹിനിക്കുഴലുകളും
കറങ്ങിത്തിരിയുന്ന
കൂറ്റൻ ടർബൈനുകളുമാണ്
ഇന്നെൻ്റെ സ്വപ്നങ്ങളിൽ നിറയുന്നത് 

ഒരു മിന്നൽപ്പിണറായി
നീയെന്നിലേക്ക് പടർന്നു 
കയറിയെങ്കിലെന്നാഗ്രഹിച്ച്  
വിളക്ക് കാലുകളെ
ഇറുകെപ്പുണർന്ന്
ഞാൻ നിന്നോടുള്ള
പ്രണയം പങ്ക് വെക്കും 

എനിക്കും നിനക്കുമിടയിലെ
അർധചാലകപ്പിരിവുകളിൽ 
ലീനതാപത്തിൻ്റെ
അങ്ങേയറ്റത്ത് 
പ്രണയത്തിൻ്റെ 
നൂലിഴ കൊണ്ട് തീർത്ത 
അദൃശ്യമായൊരു ഫ്യൂസ് 
ചേർത്ത് വച്ചിട്ടുണ്ട് ദൈവം

എങ്കിലും...

കലങ്ങിയ കണ്ണുകളിലെ 
നിറഞ്ഞ വിഷാദത്തിൻ്റെ കൂടൊഴിച്ച് ഭൂമിയിലേക്കൊഴുക്കാൻ
ഒരു നനഞ്ഞ ചാലകമായി 
ഞാനെന്നും ചാരെയുണ്ടാകും

Thursday, June 8, 2023

നമ്മൾ

 ഇരുളടഞ്ഞ 

രാവുകൾ


മൊഴിയടർന്ന്

നിലമറന്ന


 വിരസമായ 

 പകലുകൾ


നീയും ഞാനും

ഒരേ തോണിയിൽ


ദിശയറിയാത്ത

കടലുകൾ താണ്ടുന്നു 


ഇടക്കെപ്പോഴോ 

ചിരിക്കുന്നു


കരയുന്നു.

വിശക്കുന്നു


ശയിക്കുന്നു 

രമിക്കുന്നു


തൊഴിലിടങ്ങളിലെ 

പുതിയ വാഗ്ദാനങ്ങളിൽ 


പാരസ്പര്യത്തിൻ്റെ

കവിത രചിക്കുന്നു


ഇന്നലെയുടെ

നിഴലിൽ 


പുതിയ കഥകൾ

മെനയുന്നു


ഇനിയെന്നാണ്

നമ്മൾ..

പഴയ നമ്മളാകുന്നത് !!

Saturday, January 8, 2022

അസ്‌ലം

 



വീണ്ടും മഴപെയ്തിരിക്കുന്നു.

ഇതു പോലെ മഴനനഞ്ഞ ദിവസമാണ്

ഫോണിന്റെ അങ്ങേത്തലക്കല്‍ ഞാനയച്ച

മഴച്ചിത്രങ്ങള്‍ കണ്ടു നീ ആശ്ചര്യപ്പെട്ടത്

അടുത്ത മഴയില്‍ ഈ നഗരത്തില്‍

നീയുണ്ടാകുമെന്നു കൊതിച്ചത്.


ഇതു പോലെ മഴനനഞ്ഞ ദിവസമാണ്

താളപ്പിഴകളുണ്ടെങ്കിലും നിനക്കും

ഒരുഹൃദയമുണ്ടെന്നു ഞാന്‍ പറഞ്ഞതും 

മുപ്പത്തിയഞ്ചു ദിവസത്തെ 

ഹൃദയായുസ്സിനെക്കുറിച്ച്

നീ വാചാലനായതും

എന്റെ പുകവലിയെക്കുറിച്ച്

ദോഷം പറഞ്ഞതും.


ഹോട്ടലിനു പുറത്ത് 

മഴ കനത്തു പെയ്യുമ്പോള്‍

ഇതുപോലെ മഴ നനഞ്ഞൊരു ദിവസമാണ്

തേടിയെത്തിയ മരണത്തോടൊപ്പം

അടുത്ത മഴയ്ക്ക് കാത്തുനില്കാതെ

നീ പുഞ്ചിരിയോടെ നടന്നകലുന്നത്.


ഇനിയുള്ള ഓരോ മഴയിലും

നിന്റെ  ഓര്‍മ്മകള്‍

ഇതു പോലെ മഴ നനഞ്ഞ്

ഈറനോടെ എന്റെ മനസ്സിലേക്ക്

കടന്നു വരും...

Friday, June 11, 2021

അയിഷ ❤️



കാലങ്ങൾക്കിപ്പുറം
കളിക്കൂട്ട്കാരില്ലാതെ
കിഴക്കേത്തൊടിയിലെ
അയിനിപ്ലാവിൻ്റെ ചോട്ടിൽ
ഞൊറിയിട്ട പാവാടത്തട്ടിൽ 
അയിനിക്കുരു പെറുക്കിയിട്ട് 
അവള് നിന്നെയുമെന്നെയും
കൈമാടിവിളിക്കുയാണ്

ചെവിയടച്ച പഞ്ഞിയിൽ
ഇടക്കിടെ കൈതൊട്ടുറപ്പിച്ച്
ഇലഞ്ഞിപ്പൂപെറുക്കുന്ന ഒരു പാവാടക്കാരിയെ
നീയോർക്കുന്നില്ലെ,
കുഞ്ഞിപ്പെരയിലെ
കുഞ്ഞിക്കലത്തിൽ
അവളുവെച്ച 
കറികൾക്കെന്നും 
എരിവ് കൂടുതലാണെന്ന് 
നീ പതം പറഞ്ഞതും?

സൗകര്യങ്ങളുടെ തണുപ്പിലേക്ക് 
ചേക്കേറിയപ്പോൾ
ദ്രാവിഡ മണ്ണിൻ്റെ 
ഊഷരതയിലേക്ക്
അവളെ പറിച്ചുനട്ട്
പലനിറങ്ങളിൽ പാണ്ടിക്കുടങ്ങൾ
തൂക്കിയ വണ്ടിയിലൊരിക്കൽ  ചുരമിറങ്ങിയവരാണ് നമ്മൾ! 

നീറുന്ന ജീവിതത്തിൻ്റെ 
പൊട്ടിയടർന്ന വിറകടുപ്പിൽ 
പിന്നീട് അവളുണ്ടാക്കിയ 
കറികൾക്കെന്നും എരിവായിരുന്നു
അതുപറയാൻ അവള്
വിളിക്കുമ്പോഴെല്ലാം 
നമ്മൾ തിരക്കിലായിരുന്നു.
ഇന്നലെ രാത്രിയിൽ
തണുത്തുറഞ്ഞൊരു 
വോയ്സ് മെസ്സേജ് 
അവളുടെമരണവുംപേറി അരികിലെത്തുംവരെയും.

ഈ മഹമാരിയുടെ
കെടുകാലത്തിനപ്പുറം 
അവളുടെ കബറിടത്തിൽ 
ഒരു മൈലാഞ്ചച്ചെടി നടാൻ
നമുക്കൊന്നിച്ച് പോകണം 
അവളുടെ നാട്ടിലേക്ക്.

ഇനിയൊരിക്കൽകൂടി 
ആ ചുരമിറങ്ങണം
ഐശിത്തായൂടെ ഓർമ്മയിലേക്ക്..

ഷിഹാബ് ഇബ്രാഹിം

Wednesday, August 29, 2018















ജീവനോടെയിരിക്കുന്ന 
ഓരോ നിമിഷങ്ങളിലും
എന്നിലേക്ക്‌ നിറയുന്ന
നിന്റെ ഓര്മ്മകളുടെ 
നിശ്വാസമായിരുന്നെന്റെ ലഹരി !

പ്രണയത്തിന്റെ 
നിലയ്ക്കാത്ത സംഗീതം
നിന്നിലൂടെ വീണ്ടും
കേട്ടുകൊണ്ടേയിരിക്കാൻ
കൊതിയായിരുന്നു

ചുറ്റുംഇരുട്ടിലേക്ക് തുറക്കുന്ന 
വാതായനങ്ങളുള്ള ഈ ഗുഹാമുഖത്തു ഞാനെത്തിയതെങ്ങിനെയാണ്
എവിടെയാണ് എനിക്കെന്നെ നഷ്ടമായത്.!

ഉരുണ്ടുകൂടുന്നമൗനം
കല്ലറയിലെ തണുപ്പുപോലെ
എന്നിലേക്ക്‌ ചൂഴ്ന്നിറങ്ങുമ്പോൾ

ശ്മശാനത്തിലേക്കുള്ള
അവസാന യാത്രയിലെങ്കിലും
വഴിയരികിൽ നിന്നെയൊന്നു കണ്ടിരുന്നെങ്കിൽ !

തൊണ്ടയിൽ കുരുങ്ങിയ
വാക്കുകൾ മുറിച്ചു
നിന്നെ ഞാൻ സ്നേഹിച്ചിരുന്നു
എന്നൊന്ന് പറയാൻ
കഴിഞ്ഞെങ്കിൽ !

By ഷിഹാബ് ഇബ്രാഹിം

Thursday, August 23, 2018



ഒറ്റകരിമ്പനയിൽ കാറ്റുറഞ്ഞ
അമാവാസിയിലാണ്
അവൾ വീണ്ടും ഋതുമതിയായതും
പാലപ്പൂമണംചുരത്തി
കാടിറങ്ങിയതും!

കറുത്തഷ്ടമിയെക്കുറിച്ചു
പതംപറഞ്ഞ മുത്തശ്ശി
മച്ചിലമ്മയുടെ തിരിനീട്ടി
ഗോവണിയിറങ്ങി
വടക്കിനിയിലെ വിളക്കെടുത്തു
പായവിരിക്കുമ്പോഴേക്കും
കിഴക്കേമാനത്തൊരു
കൊള്ളിയാൻ മിന്നി!

നനഞ്ഞ മണ്ണിന്റെ
നനുത്ത ഗന്ധത്തിൽ
മനം കുളിർത്തു മാലോകരുറങ്ങുമ്പോൾ
കാടിറങ്ങി, ചുരംതാണ്ടിയവൾ
വടക്കുംനാഥന്റെ പൂരപ്പറമ്പിലെ ഞാവൽച്ചോട്ടിലിരുന്നു
വെറ്റിലയിൽ നീറ് തേക്കുകയായിരുന്നു!

വടക്കേച്ചിറയിലെ കെട്ടഴിച്ചു
താറുടുത്തു, ചിലമ്പണിഞ്ഞു
ശ്രീകുരുംബയുടെ മണ്ണിലേക്ക്ചുവടുവെച്ചതും
കിഴക്കേ നിലപാടുതറയിലിരുന്നു
മുടിയുലർത്തിയതും
മഞ്ഞൾ പൂശിയതും
വസൂരിമാലയും,
കാലൻകൊഴിയുമറിഞ്ഞില്ല!

നേരംപുലർന്നു
നാടുണരുംമുൻപേ
അരക്കൊപ്പം വെള്ളത്തിൽ
ആർത്തവരക്തം കഴുകി
താറുണക്കി, ചിലമ്പഴിച്ചു
തിരുവഞ്ചെയ്കളംവിട്ടവൾ
ചിലപ്പതികാരത്തിലെ
മധുരയിലേക്ക് നാടുനീങ്ങി !


By. ഷിഹാബ് ഇബ്രാഹിം

Friday, April 6, 2018




ക്ലാര















ക്ലാര.

മഴയിൽ
ചില്ലു ജാലകങ്ങളിലുതിർന്ന
ജലകണങ്ങളിൽ
ഇന്നൊരിക്കൽക്കൂടി
നിന്റെ സാമീപ്യം ഞാനറിഞ്ഞു.

മഷികലങ്ങിയ മിഴികളിൽ
നീർക്കുമിളകൾ വീണുടയുന്ന
കണ്‍പീലികൾ

മഴമുത്തുകൾ ചുംബിച്ചൊഴികിയ
വിറയാർന്ന ചുണ്ടുകളിലെ
വാചാലമായ മൗനം..

നനഞൊട്ടിയ മേനിയിൽ
ഞാനറിഞ്ഞ അഭൗമീക
പ്രണയസൗരഭ്യം

ഇനിയുമെഴുതപ്പെടാത്ത
ഒരു കവിതയുടെ
നിഗൂഡ സൌന്ദര്യം പോലെ

സർവേന്ദ്രിയങ്ങളിലൂടെയും
സംവദിക്കപ്പെട്ട പ്രണയത്തിന്റെ
മധുരമായൊരോർമയായി

ഓരോ മഴയിലും നിന്നോടൊപ്പം
ജനിക്കുകയും, പെയ്തൊഴിഞ്ഞ
മഴയുടെ മൗനത്തിൽ മരിക്കുകയും ചെയ്യുന്നു.

ഊഷരഭൂവിലെ വിദൂരസ്ഥലികളിൽ
വേനൽക്കാറ്റ് പുതഞ്ഞ
മുൾച്ചെടികൾക്ക് നടുവിൽ
ഇനിയൊരു മഴയ്ക്ക്‌ കാതോർത്ത്‌,
നീയും ഞാനും
ഒരു കവിതയും....

By shihab Ibrahim