Monday, October 3, 2011

പ്രഹേളിക

ഞാന്‍,
ഒരു വലിയ തെറ്റായിരുന്നു
അവള്‍
ഒരു ചോദ്യച്ഹിന്നവും !
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കിടയില്‍
ഞങ്ങളുടെ സ്വപ്‌നങ്ങള്‍ തൂങ്ങി മരിച്ചു.

മൂകമായ രാത്രികളില്‍
നിലാവൊഴികിപ്പരന്ന കടല്‍ക്കരയില്‍
കൈകള്‍ കവര്‍ന്നു തോള്‍ ചേര്‍ന്നിരിക്കുന്നത്
സ്വപ്നം കണ്ടു, ഒരേ വിരിപ്പില്‍
ഇണ ചേരാതെ ഉണര്‍ന്നു കിടന്നു

പ്രണയത്തിന്റെ, തുറക്കാത്ത
കണക്കു പുസ്തകത്തില്‍
ജനിക്കാത്ത കുഞ്ഞിന്റെ
ജാതകം ചേര്‍ത്ത് ഞങ്ങള്‍ സന്തോഷിച്ചു

മുറിവേറ്റ ഹൃദയം
പഴുത്തു പുഴുവരിക്കും വരെ
വിഷം തീണ്ടിയ ജീവിതത്തിലെ
കൈപ്പേറിയ ശാപവചനങ്ങള്‍
ചേര്‍ത്ത് വച്ച് പൊട്ടിച്ചിരിച്ചു

പരുപരുത്ത സത്യങ്ങള്‍
സ്വാര്‍ത്ഥതയുടെ തമോ രൂപമായ്‌
പകര്‍ന്നാട്ടം നടത്തി മുടിക്കുത്തഴിഞ്ഞു
കാലിടറി വീണ ജീവിതത്തില്‍

അവള്‍
പൊരുത്തക്കേടുകളുടെ
താലിച്ചരടില്‍ക്കുരുങ്ങിയ
ശലഭജന്മമായി വാഴ്ത്തപ്പെടുമ്പോള്‍

ഞാന്‍
തിരുത്താനാവാത്ത
വലിയ തെറ്റായി
പാപങ്ങളുടെ കുന്നിലേക്ക്
തീര്‍ത്ഥാടനം ചെയ്യുന്നു