Wednesday, March 28, 2012

വികല വിഭ്രമങ്ങള്‍



വാക്കുകള്‍ക്കും
വാചകങ്ങള്‍ക്കും 
നിശ്വാസങ്ങള്‍ക്കുമിടയില്‍ 
മൗനംവളര്‍ന്ന്‍,
വിദൂരദ്രുവങ്ങളിലേക്ക്‌
മനസ്സും ശരീരവും
പ്രയാണം ചെയ്തപ്പോള്‍


 പകുത്തുനല്‍കിയ
സ്നേഹത്തിന്‍റെ
ലസാഗുവും, ഉസാഗയും,
കൂട്ടിക്കിഴിക്കലുകളുമറിയാതെ
പ്രണയത്തിന്‍റെ,
പങ്കുവെക്കലിന്റെ
ശതമാനക്കണക്കുകളില്‍
അജ്ഞതയോടെ
പകച്ചുനിന്നപ്പോള്‍

മുറിവേറ്റ മനസ്സുമായി
അശാന്തിയുടെ
ദിനരാത്രങ്ങളിലൂടെ
വികലവിഭ്രമങ്ങളിലേക്ക്‌
ഞാന്‍ സഞ്ചരിച്ചു...

അരൂപികളും,
ആത്മാക്കളും
സല്ലപിക്കുന്ന
ചുടലപറമ്പില്‍
കഫന്‍ തുണിയില്‍
പൊതിഞ്ഞെടുക്കാത്ത
ജീവന്‍ തുടിക്കുന്ന
പതിനൊന്നു പൈതങ്ങളെ
ഞാന്‍ ഖബറടക്കി

വിഹ്വലതകളും,
വിഭ്രാന്തികളും
പെയ്തൊടുക്കി
തിരിഞ്ഞു നടക്കുമ്പോള്‍
ഞാനോര്‍ത്തു,
ഒടുവില്‍ ഖബറടക്കിയ
പൈതലിന് നിന്‍റെ മുഖമായിരുന്നില്ലേ..?

Saturday, March 10, 2012



യാത്രയിലെ നിറങ്ങള്‍
ചുവപ്പും പച്ചയും
വെളിച്ചങ്ങളിണചേര്‍ന്ന്
അദൃശ്യതയുടെ
മാറാല നെയ്തപ്പോള്‍

സമാന്തര പാതകളിലൂടെ
ഞങ്ങളെന്നും
എതിര്‍ദിശകളിലേക്ക്
സഞ്ചരിച്ചു കൊണ്ടേയിരുന്നു

അവിരാമമായൊരു
തിരയൊഴുക്കില്‍
ചുട്ടുപഴുത്ത
കറുത്ത പാതകള്‍
ഒരിടത്തും, ഒരിക്കലും
സന്ധിച്ചില്ല

അരുതായ്മകളുടെ
പാപക്കുരുക്കില്‍
വഴിമാറി സഞ്ചരിച്ചവര്‍
എന്നെ നോക്കി പല്ലിളിച്ചു
നിറങ്ങള്‍
മിന്നിമറയുന്ന
വിഭാഗീയതയുടെ
അതിര്‍വരമ്പുകളില്‍
ഞാനിന്നും ക്ഷമയോടെ
കാത്തിരിക്കുന്നു

ഒരുനാള്‍ വരും.............

സമാന്തര പാതകള്‍
സന്ധിക്കുന്നോരിടത്ത്
ചുവപ്പും പച്ചയും,
നിറങ്ങളെല്ലാം ചേര്‍ന്നൊരുക്കുന്ന
മഴവില്‍ക്കുടയുടെ കീഴെ 
ഞങ്ങളൊത്തു ചേരും