Thursday, February 8, 2018

അവർ



അവർ

എന്റേതെന്നും നിന്റേതെന്നും 
വേർതിരിവിന്റെ ശാഖകൾ
നാടുനീളെ ചൊല്ലിപ്പഠിപ്പിച്ചു 
'നമ്മുടെ'തെന്ന വാക്കിനെ 
കൊത്തിക്കീറി ചുടലയിൽവെച്ച
ശവം തീനികൾ

അവകാശികളില്ലാത്ത 
കബന്ധങ്ങളുടെ 
പഴുത്തളിഞ്ഞ കുടൽ ഭുജിച്ച്,
പുറകോട്ട് മാത്രം 
നടക്കാനറിയുന്ന
ഞണ്ടുകൾ നയിക്കുന്ന 
ചെന്നായ്ക്കൂട്ടം!

സംസ്കാരപ്പെരുമയുടെ  
വൈവിധ്യങ്ങളിൽ 
കൊടിനാട്ടിയൊരു ജനതയെ, 
വർഗീയതയുടെ
കറുപ്പ് കലക്കിയ
ഭാംഗ് കൊടുത്ത് 
മതങ്ങളുടെ തുരുമ്പിച്ച 
തുടലിൽ തളച്ചിട്ട് 
വരിയുടച്ചൊരു
കിഴവനെക്കൊണ്ട് 
തലങ്ങും വിലങ്ങും 
ഭോഗിച്ച് രസിക്കുന്നവർ.

അടുക്കളത്തിണ്ണയിൽ
പെറ്റമ്മ വിളമ്പിയ 
പ്രാരാബ്ധ കഞ്ഞിയിൽ
നഞ്ച് കലക്കുവാൻ
അവരെത്തുമ്പോൾ 
കണ്ണീരുപ്പുകൊണ്ട്
പശിയടക്കുന്നവരുടെ
രോദനം കേൾക്കാതെ
ഇനിയെത്ര കാലം
മൗനത്തിൻ്റെ 
വാത്മീകത്തിലൊളിക്കും.

അക്ഷരങ്ങളെ ഭയന്ന്
ജ്വലിക്കുന്ന തൂലികൾക്ക് 
തീയിടുന്നവരെ....

കവിതകൾ കേട്ട
കാതുകളിൽ
ഈയമോഴുക്കുന്നവരെ...

തിരിച്ചു കറങ്ങാനാകാത്ത
ചുറ്റിത്തിരിയലുകളൊന്നും
ഭൂമിയിലടയാളപ്പെടുത്തിയിട്ടില്ലെന്ന് 
നിങ്ങളോർക്കുക!!!

ചുഴിയിടങ്ങളിൽ നിന്നും 
വിപ്ലവ കാഹളങ്ങൾ 
മുഴങ്ങിത്തുടങ്ങിയെന്ന് 
നിങ്ങളറിയുക!!

ഒളിയിടങ്ങളിലെ
നിക്ഷേപങ്ങളുമായി
ചരിത്രം കാത്തിരിക്കുന്നു...

No comments:

Post a Comment