Wednesday, August 25, 2010












നിശാശലഭം

രതിയുടെ കാണാക്കയങ്ങളില്‍
വിശപ്പിന്‍റെ മഞ്ഞ്പെയ്യുമ്പോള്‍
തെരുവോരത്തെ കയറ്റുകട്ടിലില്‍
വറുതിയുടെ പൊയ്മുഖങ്ങൾ
പതിവുകാരെ തേടുന്നു

വിറപൂണ്ട വികാരങ്ങൾ
ഇരുളിന്റെ മറവിൽ
ദ്രവിച്ചുണങ്ങിയ ഗോവണി കയറുമ്പോള്‍
ഇനിയൊരു സൂര്യോദയം കാത്ത്
നിലാവെട്ടം വഴിയുന്ന ജാലകപ്പാളിയില്‍
മുഖം ചേര്‍ത്തവള്‍ മുടിയുലര്‍ത്തുന്നു.

തിരയിളക്കങ്ങളില്‍ തളരാതെ,
പെരുവിരലിലൂറിയ നീലരക്തം
ആത്മാവിൽ സന്നിവേശിച്ച്
രണ്ടാമൂഴക്കാരന്റെ രേതസ്സിൽ
ഒരു വിയർപ്പുതുള്ളിയായോടുങ്ങുമ്പോൾ
പുറത്ത്, പച്ച മാംസത്തിന്റെ വിലപേശലായി!

നഖക്ഷതങ്ങളിൽ നീർക്കുമിളകൾ
നൊമ്പരങ്ങളായി വീണുടയുമ്പോൾ
ആയിരം സൂര്യന്മാര്‍ എരിഞ്ഞടങ്ങിയിട്ടും
ആത്മാവിലൊരു മഞ്ഞുകാലവുമായി
ഇനിയും കാത്തിരിപ്പൂ വിലോലയായി
അവള്‍, നിശാശലഭം...

No comments:

Post a Comment